Friday 27 December 2019

വിതുമ്പലുകൾ

ഇലകൊഴിയുമ്പോൾ വിതുമ്പുന്നു തരു
ഇതൾ കൊഴിയുമ്പോൾ പൂവും ..
നനവറിയാത്ത  മണ്ണും മനസ്സും
വിതുമ്പുന്നതെന്തിനാവണം ..




Sunday 21 February 2016

കണ്ണീരിൽ പുഞ്ചിരിക്കരുത്

കണ്ണിരിലും പുഞ്ചിരിക്കുന്നവർ ധാരാളമുണ്ട്
എന്നാൽ കരയുന്നവർക്കാണ് ഗ്രേസ്മാർക്ക്
കരയാനറിയാത്തവർ പിന്തള്ളപ്പെടും
കഷ്ടതകളെ
അവതരിപ്പിക്കാൻകഴിവുള്ളവർ
ആദരവോടെ അനുസ്മരിക്കപ്പെടും
കഷ്ടതകളെ ഉള്ളിലൊതുക്കുന്നവർ
അഹങ്കാരികളായി വാഴ്ത്തപ്പെടും

സൗഹൃദം

'സുഹൃത്തേ,
ഇനി മുന്നോട്ടെന്നും ഞാൻ പറയുക
സങ്കടങ്ങളായിരിക്കും
അതിനാൽ നീ കേൾക്കൽ അവസാനിപ്പിക്കുക
അല്ലെങ്കിൽ
ഞാൻ പറച്ചിൽ നിർത്താം
അപ്പോൾ
സൗഹൃദം ഭാരമുള്ളതാകില്ല
ദു:ഖമുള്ളതും
സങ്കടങ്ങൾ പറയപ്പെടാനുള്ളതോ?
പകരപ്പെടാനുള്ളതോ?
രണ്ടുമല്ലെന്നു തിരിച്ചറിയുമ്പോൾ
സങ്കടം പുതിയ സൗഹൃദം നല്കും
സുഖം അരോചകമാകുന്നതായി
തോന്നുമോ അപ്പോൾ....?

മനുഷ്യായുസ്സ്

ഓർമ്മ
ആലസ്യമുണ്ടാക്കുന്നതല്ല
അസ്വാരസ്വത്തിന് നിറം നല്കുന്നതാണ്
മറവി
ആലസ്യം നല്കും
സുഖകരമായ ഉറക്കം
ഹാ .... സ്വസ്ഥം
മനുഷ്യായുസ്സ്
ഓർമ്മയ്ക്കും മറവിക്കുമിടയിലെ
ഒരു യാത്രയുടെ
സമയ ദൂരമാണ്

പനിനീര്

പനിനീരിനെക്കുറിച്ചെഴുതാം
എന്തിനെന്നോ ...
പനിനീര് മധുരവും സുഗന്ധമുള്ളതുമാണ്
അത് പനിയുടെ
നീരാകരുതെന്നു മാത്രം
ഇന്ന് മലയാളിക്കറിയാവുന്ന
പനിനീര്.. ഇതിൽ ഏതാവുമോ ??

നിശ്ചലത

നിശ്ചലത
മുന്നോട്ടു പോകുവാനാകാത്ത മുരടിപ്പ്
മനസ്സിന്റെ അസ്വസ്ഥതയ്ക്ക്
എന്തു വ്യാഖ്യാനം നല്കും
എല്ലാം അതല്ല അതല്ല എന്നു മാത്രം
നഷ്ടങ്ങൾ എന്നുമുണ്ടാവും
എല്ലാ നഷ്ടങ്ങളെയും
നഷ്ടങ്ങളായി ഗണിക്കാറില്ലെന്നു മാത്രം
എങ്കിലും
ചില നഷ്ടങ്ങൾ
എല്ലാ നാളിലേയ്ക്കും നീളുന്നവയാണ്
അതു മനസ്സിനെ തളർത്തും
ഇഷ്ടമായവയുടെ നഷ്ടമാണ്
നഷ്ടബോധമുളവാക്കുന്നത്
അതാണ് മുരടിപ്പു സമ്മാനിക്കുന്നത്
അപ്പോൾ വീണ്ടും
നിശ്ചലത
....

ഞാൻ..

വർണ്ണനാ വിഷയങ്ങൾ അധികമില്ല
ഞാനാണ് വർണ്ണനയ്ക്കുതകുന്ന വിഷയം
എല്ലാക്കാര്യത്തിലും ഞാനാണ്    മുൻപന്തിയിൽ
ഞാൻ ആരാണെന്ന് എനിക്കുമറിയില്ല
എങ്കിലും ഞാൻ എന്നതാണ് പ്രധാനം
ഞാൻ എന്ന അവസ്ഥയിലാണ് അഭിമാനം
എനിക്ക് എന്നതിലാണ് സന്താഷം
ഞാനും എനിക്കും എന്നെയുമില്ലെങ്കിൽ
ലോകം തന്നെയില്ലത്രേ  .....
..... ...... ...... ....... ...... .....

കാരണവരുടെ ജോലി

കുറുക്കലും നീട്ടലും
കൂട്ടിക്കുഴയ്ക്കലുകളും
കിഴിക്കലും നിറഞ്ഞ ജീവിതം
ഞാൻ.... എന്റേത് എന്നതാണ്
യഥാർത്ഥ സുഖമെന്നു ചിന്ത!..
എനിക്കില്ലാത്തത് എന്തിനപരന്..എന്ന്  മറ്റൊരു ചിന്ത    
എല്ലാ ചിന്തകളെയും വളർത്തുന്നത്
സ്വാർത്ഥത എന്ന കാരണവരാണ്
ആ കാരണവർ പണ്ടേ  ഈ ജോലിയാണത്രേ      ചെയ്തിരുന്നത് ....                
  

മോഹം

ആശാ ഭംഗങ്ങളെ കവിതയുടെ അനുപമ ബിംബങ്ങളാക്കിയ  കാവ്യ കാരൻ കാലത്തിനൊപ്പം നടന്ന് കാലത്തെ നവീകരിക്കാൻ ശ്രമിച്ച പരിഷ്ക്കർത്താവ് കവിതകൾക്കുള്ളിൽ പ്രണയത്തെ ഒളിപ്പിച്ച ഗായകൻ... ഇങ്ങനെ മലയാള ലോകത്തിന് മറക്കാൻ സാധ്യമാവാത്ത വിധം വ്യക്തിമുദ്ര പതിപ്പിച്ച കവി ഒ.എൻ.വി.കുറുപ്പ്
മർത്ത്യനെപ്പറ്റിയാണല്ലോ
നിന്റെ പാട്ടുകളെങ്കിലും
അമർത്ത്യത കടക്കണ്ണാൽ
നിന്നെയെന്നേ വരിച്ചു പോയ്
എങ്കിലും നീ മരിച്ചെന്ന
സങ്കടം ബാക്കി നില്ക്കവേ
ഉയിർത്തെഴുന്നേറ്റിടാവൂ
നീയീ നാടിന്റെ ഓർമ്മയിൽ....
...................
ഇതാണ് മോഹം .. -

Tuesday 2 February 2016

എന്റെ സ്വപ്നം

സത്യം പറയുന്ന ആളുകൾക്കിടയിൽ, സ്നേഹം പങ്കവയ്ക്കുന്ന മനസ്സുള്ളവരുടെയിടയിൽ, സഹാനുഭൂതിയോടെ അന്യരെ കേൾക്കുന്നവരുടെയിടയിൽ, അവരിലൊരാളായി
ജീവിക്കാൻ കഴിയണം......

Saturday 9 January 2016

ചൊല്ലുകൾ

നോക്കാത്ത തേവരെ
തൊഴുതിട്ടെന്ത്....
ഇതു പഴഞ്ചൊല്ല്
നോക്കുന്ന തേ വരെ
തൊഴുതിട്ടെന്ത്..
ഇതു പുതുഞ്ചൊല്ല്
നോക്കാത്ത തേ വരെ
തൊഴുതു നോക്കി പ്പിക്കണം
ഇതു കാലച്ചൊല്ല്

വാക്ക്

അറിയാത്ത വാക്കാണ്
പറയാത്ത വാക്കിനെക്കാൾ
അർത്ഥമുള്ളത്
അറിയാത്ത സ്നേഹത്തിന്
പറയാത്ത സ്നേഹത്തെക്കാളും
അർത്ഥമുണ്ട്'....

ഒരു ഗാനം

വിപഞ്ചിക പാടി മധുമൊഴിപാടി
മധുരമാമനുഭൂതി പോലെ
ഒരു മധുര മാമനുഭൂതി പോലെ
 
കുളിർമ്മയെഴുന്നൊരാ ഗാന കല്ലോലിനീ
അരുളിയീ ജീവനു മധുരം
കളങ്കമില്ലാത്തൊരാ രാഗ നിർഝരിയിൽ
അലിഞ്ഞു പോയെന്നുടെ ഹൃദയം

ഗ്രീഷ്മമുണക്കിയ ചില്ലയിലെല്ലാം
തളിരുകളേകിയാ ഗാനം
വസന്തത്തിൻ സുന്ദര സുഗന്ധമതേകി
വനജ്യോത്സ്ന പോലാ ഗാനം
കണ്വാശ്രമ വനജ്യോത്സ്ന പോലാ ഗാനം

കരയേണ്ടത് എന്തിന്

എന്തിനാണ് കരയേണ്ടത്
സ്വാർത്ഥതയ്ക്കു വേണ്ടിയാകരുത്
സുഖമോഹങ്ങൾക്കു വേണ്ടിയാകരുത്
സ്വപക്ഷം സ്ഥാപിക്കാൻ വേണ്ടിയാകരുത് അന്യരെ ദ്രോഹിക്കാൻ വേണ്ടിയാകരുത്
പകരം
സ്നേഹത്തിനു വേണ്ടിയാകണം
നന്മ ഉളവാകാൻ വേണ്ടിയാകണം
അന്യന് നന്മയുണ്ടാകാൻ വേണ്ടിയാകണം

Saturday 5 April 2014

നീ ...............

അലഞ്ഞന്വേഷിക്കുക ലഭിക്കപ്പെടാതിരിക്കില്ല....
എല്ലാക്കാര്യങ്ങളും പിന്നീടാകാം 
എന്നു മാറ്റി വയ്ക്കുന്ന 
അലസത നിന്നെ നാശത്തിലെത്തിക്കും......

തന്നാല്‍ഇപ്പോള്‍കഴിയുന്നവ ഇപ്പോള്‍ത്തന്നെ ചെയ്യണം  
ചെയ്യാനാവാത്തവ ചെയ്യാന്‍ 
സഹായകമായ വഴികള്‍ തേടണം 
അല്ലാത്ത പക്ഷം മനസ്സ് 
അലസതയെ പൂകും
   എല്ലാക്കാര്യങ്ങളും കൃത്യമായി        ചെയ്യുുന്നതാണ് 
ഏറെ തിടുക്കത്തില്‍ പൂര്‍ത്തീകരിക്കുന്നതിലും ഭംഗി
എന്നാല്‍ കൃത്യ സമയത്താവുന്നതില്‍ 
അമാന്തം വരുത്തരുത്

Saturday 22 February 2014

പടയണിക്കോലം


                                               ഇതു വസൂരിമാലാ ..പടയണിയിലെ ഒരു കോലം

ഓട്ടം തുള്ളൽ

ഓട്ടം തുള്ളല്‍ ....ഹനുമാന്റെ വാലിന്നറ്റം പോലും 
അനക്കാന്‍ കഴിയാതെ വിഷമിക്കുന്ന
 ഭീമനെക്കണ്ടോ... ..എന്തായിരുന്നു ശൌര്യം....
നോക്കടാ നമ്മുടെ മാര്‍ഗ്ഗേ കിടക്കുന്ന മര്‍ക്കടാ നീയങ്ങു
മാറിക്കിട...ശഠാ......  എന്നല്ലാരുന്നോ .....വിടുവായത്തം!!!

Monday 17 October 2011

ഉത്തരാധുനികത

എന്താണ് ഉത്തരാധുനികത .....? നിയതമായ സ്വഭാവമില്ലെങ്കിലും ആഗോളമനുഷ്യന്റെ നവ്യ ജീവിതാനുഭവങ്ങളുടെ ആകെത്തുകയാണ് ..........ഉത്തരാധുനികത  എന്ന സങ്കല്പനം.. .Frederic Jameson-ആഗോളീകരണത്തിന്റെ ഭാഗമായി അതിനെ വിവരിക്കുന്നു........ഴാങ് ഫ്രാന്‍സ്യാ ലോത്യാറിന്റെ വീക്ഷണത്തില്‍  ബൃഹദാഖ്യാനങ്ങളുടെ മരണവും ലഘു ആഖ്യാനങ്ങളുടെ ജനനവും ഉത്തരാധുനികതയുടെ  പ്രധാന ഭാവമാണ്.......ബൃഹദാഖ്യാനങ്ങളോടുളവായ അവിശ്വാസമാണ്   ലഘു ആഖ്യാനങ്ങള്‍ ഉളവാകാന്‍ കാരണമായത്....